കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ വനത്തില്‍ 2003ല്‍ ആദിവാസി ഗോത്രമഹാസഭ നയിച്ച ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ പൊലിസ് അതിക്രമത്തിന് ഇരയായ വയനാട് ഡയറ്റ് മുന്‍ അധ്യാപകന് കെ.കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. സുരേന്ദ്രന് മുഖ്യമന്ത്രി വി.ഡി. സതീശന് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തരവകുപ്പാണ് ഉത്തരവ് ഇറക്കിയത്.
സുരേന്ദ്രനെ മര്‍ദിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട ബത്തേരി മുന്‍ സിഐ വി. ദേവരാജ്, എസ്ഐ പി. വിശ്വംഭരന് എന്നിവരുടെ വ്യക്തിഗത ആസ്തികളില്‍നിന്നു നഷ്ടപരിഹാരം ആറ് ശതമാനം പലിശ സഹിതം മൂന്നു മാസത്തിനകം ഈടാക്കുന്നതിന് സംസ്ഥാന പൊലിസ് മേധാവി നടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. പിണറായി സര്‍ക്കാര്‍ നിഷേധിച്ച നീതിയാണ് സതീശന് സര്‍ക്കാര്‍ ലഭ്യമാക്കിയതെന്നും സന്തോഷമുണ്ടെന്നും സുരേന്ദ്രന് പ്രതികരിച്ചു.
അറസ്റ്റ് 2003 ഫെബ്രുവരി 23ന്
മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് 2003 ഫെബ്രുവരി 23നാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. പിറ്റേന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായി. കസ്റ്റഡി മര്‍ദനത്തില്‍ കര്‍ണപുടം തകര്‍ന്ന അദ്ദേഹത്തിന് ഹൈക്കോടതി നിര്‍ദേശപ്രകാരം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രയിലാണ് ചികിത്സ നല്‍കിയത്. വൈദ്യപരിശോധനയിലാണ് കര്‍ണപുടം തകര്‍ന്നതു സ്ഥിരീകരിച്ചത്.
കേസില്‍ ഹൈക്കോടതിയില്‍നിന്നു ജാമ്യം നേടി മാര്‍ച്ച് 30നാണ് ജയില്‍മോചിതനായത്. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട ഗൂഢാലോചന, വനത്തില്‍ കുടിയിറക്കു നടന്ന ദിവസം ഉണ്ടായ പൊലിസുകാരന്റെ മരണം എന്നിവയുമായി ബന്ധപ്പെടുത്തിയാണ് സുരേന്ദ്രനെതിരേ കേസെടുത്തത്. തുടക്കത്തില്‍ ലോക്കല്‍ പൊലിസും ക്രൈംബാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്കു വിട്ടിരുന്നു. സിബിഐ കുറ്റപത്രത്തില്‍ സുരേന്ദ്രന് പ്രതിയായിരുന്നില്ല. 2004ലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുരേന്ദ്രന് ഹര്‍ജി ഫയല്‍ ചെയ്തത്. 2018ൽ ഡയറ്റില്‍നിന്നു വിരമിച്ചു.
സര്‍ക്കാര്‍ അപ്പീല്‍ തള്ളി
സുരേന്ദ്രന് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുപകരം ബത്തേരി സബ് കോടതി ഉത്തരവിനെതിരേ മുന്‍ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുകയാണ് ചെയ്തത്. അപ്പീല്‍ 2026 മാര്‍ച്ച് 16ന് തള്ളിയ ജില്ലാ സെഷന്‍സ് കോടതി മൂന്നു മാസത്തിനകം നഷ്ടപരിഹാരം അനുവദിക്കണമെന്നു നിര്‍ദേശം നല്കി.
ഈ കാലാവധി കഴിഞ്ഞിട്ടും നഷ്പരിഹാരം ലഭിക്കാത്ത സാഹചര്യത്തില്‍ സുരേന്ദ്രന് ജില്ലാ സെഷന്‍സ് കോടതിയില്‍ നടത്തിപ്പുഹര്ജി ഫയല്‍ ചെയ്തിരുന്നു. ഇതിനുശേഷമാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നിവേദനം നല്‍കിയത്.
നഷ്ടപരിഹാരം ആദ്യം വിധിച്ചത് ബത്തേരി സബ് കോടതി
മുത്തങ്ങ കേസില്‍ പൊലിസ് കസ്റ്റഡിയില്‍ മര്‍ദനത്തിന് ഇരയാകുകയും തടവ് അനുഭവിക്കുകയും ചെയ്ത സുരേന്ദ്രനു സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബത്തേരി സബ് കോടതി 202 ജനുവരിയില്‍ ഉത്തരവായിരുന്നു.
സര്‍ക്കാര്‍ തുക നല്‍കണമെന്നും ഇതു ബന്ധപ്പെട്ട കക്ഷികളില്‍നിന്ന് ഈടാക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിരുന്നു. അന്യായമായ അറസ്റ്റിനും കര്‍ണപുടം തകരുന്ന വിധത്തില്‍ ക്രൂരമായി മര്‍ദിച്ചതിനും 14 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് സുരേന്ദ്രന് കോടതിയെ സമീപിച്ചത്.
അന്നത്തെ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, വയനാട് ജില്ലാ കളക്ടര്‍, കോഴിക്കോട് ജില്ലാ പൊലിസ് മേധാവി, ബത്തേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. ദേവരാജ്, എസ്ഐ പി. വിശ്വംഭരന്, എഎസ്ഐ സി.എം. മത്തായി, ഹെഡ് കോണ്‍സ്റ്റബിള്‍ വസന്തകുമാര്‍, കോണ്‍സ്റ്റബിള്‍ കെ.ആര്. രഘുനാഥന്, സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് വര്‍ഗീസ് എന്നിവരെ എതിര്‍കക്ഷികളാക്കിയായിരുന്നു ഹര്‍ജി.